Sunday, 22 September 2013

കട്ട പുറത്ത് KSRTC ......


കട്ട  പുറത്ത് കിടക്കുന്ന  ksrtc  കേരള  ജനതക്ക് അപമാനം .നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (കെ.എസ്.ആര്‍.ടി.സി) ആര്‍ക്കും രക്ഷിക്കാന്‍ കഴിയാത്തവിധം അതിഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. വന്‍കിട ഉപഭോക്താവ് എന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ സബ്സിഡിക്ക് അര്‍ഹതയില്ളെന്ന കഴിഞ്ഞദിവസത്തെ സുപ്രീംകോടതി വിധി കൂടി വന്നതോടെ, അടിയന്തര രക്ഷാമാര്‍ഗങ്ങള്‍ കാണാന്‍ കഴിയുന്നില്ളെങ്കില്‍ ഈ പൊതുഗതാഗത സംവിധാനം താനേ തകര്‍ന്നുകൊള്ളുമെന്ന് വകുപ്പുമന്ത്രിതന്നെ പ്രവചിച്ചുകഴിഞ്ഞു. ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ളെങ്കിലും ഒട്ടേറെ ഷെഡ്യൂളുകള്‍ റദ്ദാക്കി എന്നാണ് റിപ്പോര്‍ട്ട്. എണ്ണക്കമ്പനി മേധാവികളുമായും മറ്റും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ചൊട്ടുവിദ്യകൊണ്ട് ഭേദമാക്കാന്‍ കഴിയുന്നതല്ല കെ.എസ്.ആര്‍.ടി.സിക്ക് പിടിപെട്ട മാരകരോഗമെന്ന് വകുപ്പു മന്ത്രിയടക്കം സമ്മതിക്കുന്നു. ഇന്ധനവില വര്‍ധന വഴിയുള്ള സാമ്പത്തിക ഭാരം യാത്രക്കാര്‍ പങ്കുവെക്കട്ടെ എന്നാണ് പരമോന്നത നീതിപീഠം നിര്‍ദേശിക്കുന്നത്. ബസ്ചാര്‍ജ് വര്‍ധന പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ചാര്‍ജ് വര്‍ധന പരിഗണിക്കുമെന്ന് മന്ത്രി ആര്യാടനും പറയുന്നു.മന്ത്രി ആര്യാടന്‍ വകുപ്പ് ഏറ്റെടുത്ത ശേഷം എത്രതവണ ബസ് ചാര്‍ജ് കൂട്ടി എന്ന കാര്യത്തില്‍ അദ്ദേഹത്തിനുതന്നെ നിശ്ചയമുണ്ടാവണമെന്നില്ല. ഓരോ തവണ ഡീസല്‍ വില കൂട്ടുന്തോറും വന്‍ ഭാരമാണ് ജനങ്ങളുടെമേല്‍ കെട്ടിവെക്കുന്നത്. ഒരു വകുപ്പിന്‍െറ മുഖ്യജോലിതന്നെ ബസ് നിരക്കു കൂട്ടുക എന്നതായി മാറിയിരിക്കുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും കെ.എസ്.ആര്‍.ടി.സി രക്ഷപ്പെടാന്‍ പോകുന്നില്ളെന്ന് സര്‍ക്കാറിനും ജനങ്ങള്‍ക്കും നന്നായി അറിയാം. പ്രശ്നം അടിസ്ഥാനപരമാണ്. നമ്മുടെ ഗതാഗത കോര്‍പറേഷന്‍െറ ഘടനയും പ്രവര്‍ത്തനവും സുപ്രീംകോടതി സൂചിപ്പിച്ച കെടുകാര്യസ്ഥതയുടെയും നഷ്ടക്കച്ചവടത്തിന്‍േറതുമാണ്. അതിനെ ആമൂലാഗ്രം ഉടച്ചുവാര്‍ക്കുകയോ പകരം സംവിധാനം കണ്ടത്തെുകയോ ആവാം കരണീയം. സബ്സിഡി ഇല്ലാതെ, ലിറ്ററിന് അധികമായി 20 രൂപയോളം നല്‍കി ഇന്ധനം നിറക്കുകയാണെങ്കില്‍ കോര്‍പറേഷന്‍െറ പ്രതിമാസ നഷ്ടം 125 കോടിയായി ഉയരുമത്രേ. പ്രതിവര്‍ഷ നഷ്ടം കണക്കുകൂട്ടുമ്പോള്‍ ആരും ഞെട്ടിപ്പോകും. സബ്സിഡി ഇല്ലാത്ത ഡീസല്‍ വാങ്ങുന്ന വകയില്‍ മാത്രം 300 കോടിയോളമാണത്രേ അധികബാധ്യത താങ്ങേണ്ടിവരുക. ഈ ബാധ്യതയില്‍നിന്ന് മുക്തമാവാന്‍ എണ്ണക്കമ്പനികള്‍ കുറഞ്ഞ വിലക്ക് ഇന്ധനം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഈ ദിശയില്‍ കേന്ദ്രസഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതുപോലും പോഴത്തമായിരിക്കും. വന്‍കിട ഉപഭോക്താവ് എന്ന പദവിയില്‍നിന്ന് ഇറങ്ങിവന്ന് സ്വകാര്യ പമ്പുകളില്‍നിന്ന് ഇന്ധനം നിറക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന നിര്‍ദേശം മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്കിന്‍െറ നേതൃത്വത്തിലുള്ള സമിതി മുമ്പേ മുന്നോട്ടുവെച്ചതാണ്. സപൈ്ളകോയുടെയോ ഓയില്‍ കമ്പനികളുടെയോ ചില്ലറ വില്‍പന ഒൗട്ട്ലെറ്റില്‍നിന്ന് എണ്ണയടിക്കാനായിരുന്നു സമിതി ശിപാര്‍ശ ചെയ്തത്. ബുധനാഴ്ച എണ്ണക്കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച ഈ നിര്‍ദേശത്തിലൂന്നിയാണെന്നാണ് വകുപ്പുമന്ത്രി വെളിപ്പെടുത്തിയത്. നിലവില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ പ്രവര്‍ത്തിക്കുന്ന 67 പമ്പുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സപൈ്ളകോക്ക് വാടകക്ക് കൊടുക്കാനും അവിടെനിന്ന് സബ്സിഡിയോടു കൂടിയ ഇന്ധനം വിതരണം ചെയ്യാനും എണ്ണക്കമ്പനികള്‍ സന്നദ്ധമായിട്ടുണ്ടത്രേ. ധാരണ നടപ്പാക്കുന്നതിലെ കടമ്പകള്‍ നീക്കാന്‍ സര്‍ക്കാറും മുന്‍കൈ എടുക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതോടൊപ്പംതന്നെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതു വരെയെങ്കിലും ഡീസലിന്മേല്‍ ചുമത്തുന്ന 19.8 ശതമാനം നികുതി ഇളവുചെയ്യാന്‍ സര്‍ക്കാറും മുന്നോട്ടുവരണം. അതിന് സന്നദ്ധമാവാതെ, അധികബാധ്യത ജനങ്ങള്‍ ഏറ്റെടുക്കണമെന്ന് വിധിക്കാന്‍ വേണ്ടി മാത്രമാണ് വിഷയം മന്ത്രിസഭ ചര്‍ച്ചചെയ്യുന്നതെങ്കില്‍ ജനവിരുദ്ധ സമീപനമായേ അത് വിലയിരുത്തപ്പെടൂ.40,000 ജീവനക്കാരെയും 35,000 പെന്‍ഷന്‍കാരെയും തീറ്റിപ്പോറ്റേണ്ട വലിയ ഉത്തരവാദിത്തമുള്ള ഒരു കോര്‍പറേഷനെ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാന്‍ വാചകക്കസര്‍ത്തുകൊണ്ടുമാത്രം ആവില്ളെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും അടക്കം രാജ്യത്തെ 20 സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ പൊതുഗതാഗത സംവിധാനമെന്ന നിലയില്‍ സ്തുത്യര്‍ഹ സേവനം, ലാഭകരമായി കാഴ്ചവെക്കുമ്പോള്‍ നമുക്കുമാത്രം എന്തീ ദുര്‍ഗതി എന്നതിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച് പ്രതിവിധി നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വകുപ്പുമന്ത്രിതന്നെ ദയാവധം വിധിക്കുന്ന അവസ്ഥ കേരളത്തിന് നാണക്കേടാണ്.

No comments:

Post a Comment