പെണ്‍കുട്ടികളോട് എന്താണിത്ര വിരോധം !
റെഡ് ആർമി നയം വ്യക്തമാകുന്നു ...
പരസ്പരം കടിച്ചുകീറുന്ന സമുദായസംഘടനകള്‍ ഐക്യപ്പെടുന്നതും ഒരുമിച്ചിരിക്കുന്നതും പൊതുവില്‍ സ്വാഗതാര്‍ഹമാണ്. ഹിന്ദുസമുദായ സംഘടനകളായ എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി. യോ ഗവും സമീപകാലത്ത് ഐക്യപ്പെട്ടത് മുസ്‌ലിങ്ങള്‍ അനര്‍ഹമായി പലതും നേടുന്നു എന്നുപറഞ്ഞാണ്. എന്നാല്‍, ഇപ്പോള്‍ മുസ്‌ലിം സംഘടനകള്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഐക്യപ്പെട്ടിരിക്കുന്നു. ഇതുസംബന്ധിച്ച് കോഴിക്കോട്ടുനടന്ന യോഗത്തില്‍ അത്തരം ഒരു തീരുമാനമെടുത്തിട്ടില്ല എന്നുപറഞ്ഞ് ചില സംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നത് വേറെ കാര്യം. ഏതായാലും പൊതുസമൂഹത്തിലും വിശേഷിച്ച് മുസ്‌ലിം സമുദായത്തിലും ഈ വിഷയം വലിയ ചര്‍ച്ചയ്ക്ക് വഴിതുറന്നിട്ടുണ്ട്.
സത്യത്തില്‍, പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന് പറയുന്നവര്‍ നിരത്തുന്ന ന്യായങ്ങളില്‍ കഴമ്പില്ലെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാകും. 16-ാം വയസ്സില്‍ ഉഭയകക്ഷിസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെങ്കില്‍ പിന്നെ എന്തുകൊണ്ട് വിവാഹംചെയ്തുകൂടാ എന്നതാണ് അവര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. എന്നാല്‍, പ്രസ്തുതനിയമത്തില്‍ ഭേദഗതിവരുത്തി (criminal law amendment Act 2013)18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയുമായി അവളുടെ സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും ബലാത്സംഗമായി കണക്കാക്കി ശിക്ഷിക്കുമെന്ന നിയമഭേദഗതിയെക്കുറിച്ച് അറിയാതെയാണ് ഈ വാദം ഉന്നയിക്കുന്നത്. 2012-ല്‍ ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ 2013 ഫിബ്രവരി മൂന്നിന് രാഷ്ട്രപതിയുടെ ഓര്‍ഡിനന്‍സ് വഴിയും പിന്നീട് പാര്‍ലമെന്റ് ആക്ട് വഴിയും ഈ ഭേദഗതിക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ നിയമപരിരക്ഷ നല്‍കിയിട്ടുള്ളതും അവര്‍ മറന്നുപോകുന്നു. 2013-ലാണ് ഇങ്ങനെ നിയമം മാറ്റി കേന്ദ്രസര്‍ക്കാര്‍ ഭേദഗതിയിറക്കിയത്.
അനിവാര്യമായ സാഹചര്യങ്ങളില്‍ വിവാഹം നടത്തേണ്ടി വന്നാല്‍ എന്തുചെയ്യും എന്നതാണ് മറ്റൊരു ചോദ്യം. എന്താണ് അനിവാര്യമായ സാഹചര്യം എന്നതിന് പ്രണയ വിവാഹമാണ് ഒരു ഉദാഹരണമായി ഉദ്ധരിക്കപ്പെട്ടത്. പ്രണയവിവാഹത്തെ മതസംഘടനകള്‍ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നും പ്രണയിനികളെ സംരക്ഷിക്കാനാണ് മതസംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത് എന്നും പറയുന്നത് അതത് സംഘടനകള്‍ക്കുതന്നെ ആക്ഷേപമല്ലേ? ഇനി പ്രണയവിവാഹവും ഒളിച്ചോട്ടവും തടയാനാണെങ്കില്‍ വിവാഹിതരായശേഷമുള്ള ഒളിച്ചോട്ടങ്ങളെ എങ്ങനെ പ്രതിരോധിക്കും? വധുവിന്റെ അമ്മയും വരനുംവരെ ഒളിച്ചോടുന്ന വാര്‍ത്തകള്‍ നിരന്തരമായി കാണുന്ന ഇക്കാലത്ത് ഒളിച്ചോട്ടം തടയാന്‍ നേരത്തേ വിവാഹം കഴിപ്പിക്കുന്നതാണ് നല്ലതെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്?
ഇനി, പ്രണയിനികള്‍ക്ക് വിവാഹം കഴിക്കുന്നതിന് വല്ല ബുദ്ധിമുട്ടും നേരിട്ടാല്‍ അവര്‍ നേരിട്ട് കോടതിയെ സമീപിക്കുന്നതല്ലേ ഉചിതം? 18 വയസ്സായാല്‍ ചില പെണ്‍കുട്ടികള്‍ വിരൂപയായിപ്പോകും എന്നതാണ് പറഞ്ഞുകേട്ട മറ്റൊരു ന്യായം. ഇത്തരം പെണ്‍കുട്ടികളെ 16-ാം വയസ്സില്‍ കല്യാണം കഴിച്ചയച്ചാലും ഇവര്‍ 18 വയസ്സ് തികയുമ്പോള്‍ വിരൂപയാകില്ലേ? അപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തേണ്ടി വരുമോ? ചില വിദേശരാഷ്ട്രങ്ങളില്‍ 16-ലും 15-ലുമൊക്കെ വിവാഹം നടക്കുന്നില്ലേ എന്നുചോദിക്കുന്നവരും കുറവല്ല. അങ്ങനെ പല നിയമങ്ങളും പാശ്ചാത്യരാഷ്ട്രങ്ങളിലുണ്ട്. സ്വവര്‍ഗ വിവാഹം നടത്താന്‍ നിയമമുള്ള രാജ്യങ്ങളുമുണ്ട്. ഇത്തരം പാശ്ചാത്യസംസ്‌കാരവും നിയമങ്ങളും നമുക്ക് കരണീയമാണെന്ന് പറയാനാകുമോ? മുഹമ്മദന്‍ ലോ പ്രകാരവും ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് അനുസരിച്ചും മുസ്‌ലിങ്ങള്‍ക്ക് നല്‍കുന്ന നിയമപരിരക്ഷ ഇല്ലായ്മചെയ്യുന്നു എന്നതാണ് പിന്നെയുള്ള പ്രധാന ആക്ഷേപം. ഒരു മുസ്‌ലിമിന് അവന്റെ വിശ്വാസത്തിന്റെ അടിത്തറയില്‍ ഉലച്ചില്‍തട്ടാതെ, താന്‍ താമസിക്കുന്ന രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്നതില്‍ വിശ്വാസപരമായി എന്ത് പ്രശ്‌നമാണുള്ളത്? പെണ്‍കുട്ടികളുടെ സമ്മതപ്രകാരമേ വിവാഹം നടത്താനാവൂ എന്നും ശരീയത്ത് നിയമത്തിൽ ഉൾപെട്ടതാണ് ,എന്നാൽ പതിനെട്ടു വയസ്സ് തികയാതെ നടക്കുന്ന വിവാഹങ്ങളിൽ ബഹുഭൂരിപക്ഷവും പെണ്‍കുട്ടിയുടെ സമ്മതപ്രകാരമല്ല നടക്കുന്നത്. ഇതും ശരീയത്ത് നിയമത്തിന് വിരുദ്ധമാണ് . പതിനെട്ടു വയസ്സ് എന്ന നിബന്ധന സമ്മതമില്ലാതെ നടത്തപെടുന്ന വിവാഹങ്ങളെ ചെറിയ അളവിൽ ശരീയത്ത് നിയമത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത് .
ഒരുകാലത്ത് ശൈശവവിവാഹം സാര്‍വത്രികമായിരുന്നു. സമൂഹത്തില്‍ത്തന്നെ രൂപപ്പെട്ട ചില മാറ്റങ്ങളുടെ ഫലമായി അത് തെറ്റാണെന്ന് ബോധ്യപ്പെടുകയും അവയ്ക്ക് നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തു. 1978-ല്‍ ശൈശവവിവാഹ നിയന്ത്രണനിയമം(child marriage restraint act 1978) കൊണ്ടുവന്നു. എന്നാല്‍, നിയമത്തിന്റെ പഴുതുകള്‍ ചൂഷണംചെയ്ത് ശൈശവവിവാഹം വീണ്ടും തുടര്‍ന്നപ്പോള്‍നിയമം കൂടുതല്‍ കര്‍ക്കശമാക്കി 2006-ല്‍ ശൈശവ വിവാഹ നിരോധനനിയമവും(2) child marriage prohibition act )) പാര്‍ലമെന്റ് പാസാക്കി. ഇതോടെ ആണ്‍കുട്ടികളെപ്പോലെത്തന്നെ പെണ്‍കുട്ടികളെയും വിദ്യ അഭ്യസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പൊതുസമൂഹവും രാഷ്ട്രവും തിരിച്ചറിഞ്ഞു.
മലപ്പുറംജില്ലയിലെ കോളേജുകളിലെ വിദ്യാര്‍ഥികളില്‍ മഹാഭൂരിപക്ഷവും പെണ്‍കുട്ടികളാണ്.എന്നാല്‍, പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ വിവാഹം കഴിക്കണമെന്ന്, വിദ്യാഭ്യാസവിപ്ലവം നടക്കുന്ന ഇക്കാലത്ത് ഏതെങ്കിലും പെണ്‍കുട്ടി പറയുമോ? കുടുംബത്തിന്റെ ഉത്തരവാദിത്വത്തിലേക്ക് കടന്നുവരാനുള്ള ശാരീരികവും മാനസികവുമായ വളര്‍ച്ച 16 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് ഉണ്ടാകുമെന്ന് ആധുനികകാലത്തെ മനശ്ശാസ്ത്ര നിരീക്ഷണപഠനങ്ങള്‍ അടിസ്ഥാനമാക്കി കരുതാനാകുമോ?
ശരീഅത്ത് പ്രകാരം ഋതുമതിയാകുന്ന പെണ്‍കുട്ടിയുടെ വിവാഹം നടത്താം. 11 വയസ്സിലും ചിലപ്പോള്‍ ഒമ്പത് വയസ്സിലും ഒരു പെണ്‍കുട്ടി ഋതുമതിയായേക്കാം. എന്നാല്‍, 11 വയസ്സില്‍ വിവാഹംനടത്താന്‍ അനുവദിക്കണമെന്ന് ഒരു സമുദായസംഘടനയും ആവശ്യപ്പെടുന്നില്ല. മാത്രവുമല്ല, ഋതുമതിയായാല്‍ പെണ്‍കുട്ടികളെ നിര്‍ബന്ധമായും വിവാഹംചെയ്യണമെന്ന് ശരീഅത്തില്‍ പറഞ്ഞതായി പണ്ഡിതര്‍ക്ക് അഭിപ്രായമില്ല. പിന്നെ ഈ 16 വയസ്സിന്റെ കണക്കിനെ ശരീഅത്തിന്റെ പേരുപറഞ്ഞ് ന്യായീകരിക്കുന്നവര്‍ സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് എന്താണ് നേടാന്‍ ശ്രമിക്കുന്നത്? പെണ്‍കുഞ്ഞായി പിറന്നതിന്റെപേരില്‍ ജനിച്ച ദിവസംതന്നെ കുഴിവെട്ടി ജീവനോടെ സംസ്‌കരിച്ച ഒരു സമൂഹത്തെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ മഹിമയാര്‍ന്ന പാഠങ്ങള്‍ ചൊല്ലിപ്പഠിപ്പിച്ച് മക്കമുതല്‍ സന്‍ആ (യമന്‍) വരെ സ്വതന്ത്രയായി ആരുടെ ശല്യവുമില്ലാതെ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പ്രാപ്തരാക്കിയ പ്രവാചകന്റെ മാതൃക അട്ടിമറിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? 16-ല്‍ പക്വത എത്തുന്നവരും 20 വയസ്സായിട്ടും പക്വതയെത്താത്തവരും നമ്മുടെ രാജ്യത്തുണ്ടാകാം. ഇത്തരം സാമൂഹികവും ആരോഗ്യപരവുമായ കാര്യങ്ങള്‍ വിശകലനംചെയ്ത് സവിശേഷസാഹചര്യങ്ങള്‍ ചര്‍ച്ചചെയ്ത് പെണ്‍കുട്ടിയുടെ വിവാഹപ്രായം 18 ആയി രാജ്യം നിജപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കുകയല്ലേ നമുക്ക് അഭികാമ്യം?
മുസ്‌ലിം വിവാഹത്തില്‍ മഹറാണ് (പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ടത്) പരമപ്രധാനം. എന്നാല്‍, മഹറിനെ പിന്‍തള്ളി സ്ത്രീധനം ഇന്ന് സാര്‍വത്രികമായിരിക്കുന്നു. മഹര്‍ വാങ്ങേണ്ട പണംപോലും വരന് സ്ത്രീധനമായി മുന്‍കൂട്ടി നല്‍കേണ്ട സ്ഥിതിയിലേക്ക് വിവാഹക്കമ്പോളം മാറിയിരിക്കുന്നു. സ്ത്രീധനം നല്‍കാനാകാത്തതിന്റെ പേരില്‍ എത്ര പെണ്‍കുട്ടികളാണ് പുരനിറഞ്ഞ് നില്‍ക്കുന്നത്. മൈസൂര്‍ കല്യാണത്തിലൂടെ വിവാഹിതരായ എത്ര പെണ്‍കുട്ടികളാണ് ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവകളാക്കപ്പെടുന്നത്! സമുദായം ഇത്തരം വിഷയങ്ങളില്‍ പ്രതിലോമപരമായി യോജിക്കുന്നതിനുപകരം ഈ വിധത്തില്‍ ജീവിതം ഹോമിക്കപ്പെട്ട പാവം പെണ്‍കുട്ടികളുടെ കണ്ണുനീര്‍ തുടയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനല്ലേ ഒന്നിക്കേണ്ടത്? വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ശരീഅത്ത് വിരോധികളെന്നും സമുദായത്തിന്റെ ശത്രുക്കളെന്നും മുദ്രകുത്തുന്നതിനുപകരം ആത്മവിമര്‍ശത്തിനും സ്വയംതിരുത്തലിനും തയ്യാറായാല്‍ അതായിരിക്കും മതസംഘടനകളുടെ അന്തസ്സിനും അവര്‍ സൃഷ്ടിച്ച പുരോഗതിയുടെ പിന്തുടര്‍ച്ചയ്ക്കും ചേര്‍ന്നത്.
No comments:
Post a Comment