ബയോമെട്രിക് തിരിച്ചറിയല്‍
ദിലീപ് മമ്പള്ളില്‍
ബ്രസീലിലെ ഈ സംവിധാനം വിജയമായതിനെ തുടര്‍ന്നു ചിലി, മെക്‌സിക്കോ, സൌത്ത് ആഫ്രിക്ക തുടങ്ങിയ 20 ഓളം മറ്റു രാജ്യങ്ങളും സമാനമായ പദ്ധതികള്‍ നടപ്പാക്കാന്‍ തുടങ്ങി.
ബൊല്‍സ ഫാമിലിയ നടപ്പിലാക്കാന്‍ ഒരു ഏകീകൃത തിരിച്ചറിയല്‍ സംവിധാനം ഉണ്ടാക്കുക എന്നതായിരുന്നു ബ്രസീലിയന്‍ സര്‍ക്കാര്‍ ചെയ്തത്. ഈ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി. ഇത്തരം തിരിച്ചറിയല്‍ നമ്പര്‍ സംവിധാനം പല രാജ്യങ്ങളിലുമുണ്ട്. പല പേരില്‍ അറിയപ്പെടുന്നു എന്ന് മാത്രം. പൊതുവെ അറിയപ്പെടുന്നത് സോഷ്യല്‍ സെക്യുരിറ്റി നമ്പര്‍ എന്നാണ്.
ഇതത്ര പുതിയ ആശയം ഒന്നുമല്ല. 1935-ലാണ് പെന്‍ഷന്‍ സംവിധാനത്തിന്റെ ഭാഗമായി അമേരിക്കയില്‍ ഇത് നടപ്പിലാക്കിയത്. ഇന്ന് മിക്കവാറും വികസിത രാജ്യങ്ങളില്‍ ഇത് നിലവിലുണ്ട് . നെതര്‍ലാന്‍ഡില്‍ വ്യക്തികളുടെ ബാങ്ക് അക്കൗണ്ട്, ശമ്പളം, ടാക്‌സ്, ഡ്രൈവിങ്ങ് ലൈസന്‍സ്, റെസിഡന്റ് പെര്‍മിറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ എല്ലാം സോഷ്യല്‍ സെക്യുരിറ്റി നമ്പരുമായി (സോഫി നമ്പര്‍) ബന്ധപ്പെട്ടു കിടക്കുന്നു. എല്ലാവര്‍ക്കും ഇത് നിര്‍ബന്ധമാണ്. സോഫി നമ്പര്‍ ഇല്ലാതെ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ പോലും സാധ്യമല്ല. ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ ഡാറ്റ ബേസില്‍ ഉള്ളതിനാല്‍ സോഫി നമ്പറുമായി പോയാല്‍ ഏതു ഓഫീസിലെയും കാര്യങ്ങള്‍ സാധിക്കാം. എല്ലാ സര്‍ക്കാര്‍ വകുപ്പുക ള്‍ക്കും എല്ലാ വിവരങ്ങളും കിട്ടില്ല. അവര്‍ക്കവശ്യമുള്ളത് മാത്രം ലഭിക്കും.
ചുരുക്കം ചില രാജ്യങ്ങളില്‍ സോഷ്യല്‍ സെക്യുരിറ്റി നമ്പര്‍ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍കൊള്ളിക്കാറില്ല. വ്യക്തികളെ കൃത്യമായി തിരിച്ചറിയാന്‍ സ്ഥായിയായ ഒരു സംവിധാനം അവിടെയുണ്ട് എന്നതാണ് ഇതിനു കാരണം. എന്നാല്‍ പുതിയ പസ്സ്‌പോര്‍ട്ടിലും തിരിച്ചറിയല്‍ കാര്‍ഡുകളിലും പല രാജ്യങ്ങളും ബയോമെട്രിക്ക് വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ബ്രിട്ടനിലെ റെസിഡന്റ്‌റ് പെര്‍മിറ്റ് കാര്‍ഡില്‍ ഫോട്ടോയും വിരലടയാളവും ഉള്ള ഇലക്ട്രോണിക് ചിപ്പ് ഉള്‍കൊള്ളിച്ചിട്ടുണ്ട്.
ഓരോ വ്യക്തിയെയും തിരിച്ചറിയലും ആ വ്യക്തിക്ക് സവിശേഷമായ ഒരു നമ്പര്‍ നല്കുന്നതിനും ഏറ്റവും ഉചിതമായ മാര്ഗ്ഗം ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കല്‍ തന്നെയാണ്. പ്രത്യേകിച്ചും വ്യക്തികളെ തിരിച്ചറിയുന്നതിനു മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത, എല്ലാവര്ക്കും കൃത്യമായ ജനന സര്‍ട്ടിഫിക്കറ്റുകള്‍ പോലും ലഭ്യമല്ലാത്ത ഇന്ത്യയില്‍ ഇതാണ് ഏറ്റവും സുതാര്യമായത്. ഒരേ ബയോമെട്രിക് വിവരങ്ങളോടെ ഒന്നില്‍ കൂടുതല്‍ ആളുകള്‍ (ഉദാഹരണത്തിന് തട്ടിപ്പുകള്‍ കാണിക്കുവാന്‍) ഇല്ല എന്ന് വളരെ വേഗം ഉറപ്പുവരുത്തുവാന്‍ കഴിയും.
വിവരങ്ങള്‍ ദുരുപയോഗം ചെയ്യും എന്ന ധാരണ അടിസ്ഥാന രഹിതമാണ്. കൃത്യമായ രേഖകളില്ലാതെ, അല്ലെങ്കില്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന വ്യാജതിരിച്ചറിയല്‍ രേഖകള്‍ കൊണ്ട് ഇന്ന് പലതും സാധിക്കാം. ദുരുപയോഗങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നതും ഈ അവസ്ഥയിലാണ്. ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വന്നാല്‍ ഇന്നത്തെയത്ര ദുരുപയോഗം കഴിയില്ല എന്നതായിരിക്കും സത്യം. വിരലടയാളവും, ഐറിസ് സ്‌കാനും മുഖച്ഛായയും എല്ലാം ഒരുപോലെ മാറ്റിമറിക്കല്‍ തീര്‍ത്തും വിഷമമേറിയതാണ് . അതുകൊണ്ട് തന്നെയാണ് പല രാജ്യങ്ങളും സവിശേഷ തിരിച്ചറിയല്‍ നമ്പറും ബയോമെട്രിക് കാര്‍ഡുകളും നിര്‍ബന്ധമാക്കിക്കൊണ്ടിരിക്കുന്നത് .
അധികാര വികേന്ദ്രികരണം കാര്യക്ഷമായി നടപ്പിലാക്കാനും സവിശേഷ തിരിച്ചറിയല്‍ സംവിധാനവും ഏകീകൃത ഡേറ്റ ബേസ് സംവിധാനവും കാര്യമായി സഹായിക്കും. രാജ്യത്തെ ഏതു ചെറിയ ഓഫീസില്‍ നിന്നു കൊടുത്ത സര്‍ട്ടിഫിക്കറ്റും മറ്റൊരു ഓഫീസില്‍ നിമിഷങ്ങള്‍ കൊണ്ട് ഒത്തുനോക്കി ശരിയാണെന്നു സ്ഥാപിക്കാന്‍ കഴിയും.
നമ്മുടെ നാട്ടില്‍ നിന്നും വിദേശത്ത് പോകാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയവര്‍ക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്. കേരളത്തിലെ ഏതെങ്കിലും പഞ്ചായത്ത് ഓഫിസില്‍ നിന്നും തരുന്ന സര്‍ട്ടിഫിക്കറ്റുമായി തിരുവനന്തപുരത്തേക്ക് ഒരു യാത്രയുണ്ട്. അവിടെ ചെന്ന് ഒരു അപേക്ഷ വച്ചാല്‍ കൊടുത്ത ജനന സര്‍ടിഫിക്കറ്റ് സത്യമായും നല്‍കപ്പെട്ടതാണെന്നു പഞ്ചായത്തിലെ രജിസ്റ്ററുമായി ഒത്തു നോക്കി ഉറപ്പു വരുത്തണം. ഇന്റലിജന്‍സ് അന്വേഷണവുമൊക്കെ വരുന്ന ഈ വമ്പന്‍ പരിപാടിക്ക് ഒരു മാസം സമയമെടുക്കും. (പെട്ടന്ന് അറ്റസ്റ്റു ചെയ്തു തരുന്ന പരിപാടിയും ഉണ്ട് പക്ഷെ ജനന സര്‍ട്ടിഫിക്കട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന സീലും വയ്ക്കുമെന്ന് മാത്രം. ഇത്തരം ഒരു സീല്‍ ലോകത്ത് മറ്റാരെങ്കിലും ഉപയോഗിക്കാറുണ്ടോ എന്നനിക്കറിയില്ല) ഇതിനൊക്കെ ശേഷം ജനന സര്‍ട്ടിഫിക്കട്ടുമായി സാക്ഷാല്‍ അനന്തപുരിയിലെക്കും ഒരു യാത്രയുണ്ട്. സവിശേഷ തിരിച്ചറിയല്‍ സംവിധാനവും ഏകീകൃത ഡേറ്റ ബെയ്‌സ് സംവിധാനവും ഉണ്ടായിരുന്നെങ്കില്‍ തിരുവനന്തപുരത്തെയും ഡല്‍ഹിയിലെയും സീല്‍ ഇല്ലാതെ തന്നെ നമ്മുടെ പഞ്ചായത്തില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റ് വിശ്വാസയോഗ്യമായേനെ. വിദേശ രാജ്യങ്ങളില്‍ ജനന മരണ സര്‍ട്ടിഫിക്കട്ടുകള്‍ തുടങ്ങി പാസ്സ്‌പോര്‍ട്ടിനു വരെ അപേക്ഷിക്കുന്നത് ഒരാള്‍ താമസിക്കുന്ന സ്ഥലത്തെ തദ്ദേശ ഭരണസ്ഥാപനത്തിലാണ്. രാജ്യത്തെ ഏതോ കോണില്‍ ഉള്ള പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് അപേക്ഷ അയക്കലും വിവരങ്ങള്‍ സത്യമാണോ എന്നറിയാന്‍ ഒരാള്‍ അന്വേഷിച്ചു വരലും ഒന്നും ആവശ്യമില്ല.
ചില രാജ്യങ്ങളുടെ സോഷ്യല്‍ സെക്യുരിറ്റി നമ്പര്‍ വ്യക്തികളുടെ ജന്മദിനം, ജനന സ്ഥലം ആണോ പെണ്ണോ എന്നൊക്കെ ഉള്‍കൊള്ളിച്ചതായിരിക്കാം. ഉദാഹരണത്തിന് ചൈനയുടെത്. എന്നാല്‍ വ്യക്തിയുടെ ഇത്തരം വിവരങ്ങള്‍ ആധാര്‍ ഫയലില്‍ സുക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ആധാര്‍ നമ്പര്‍ നോക്കി വ്യക്തിയുടെ വിവരങ്ങള്‍ പറയുക സാധ്യമല്ല. അതിനു ഡേറ്റ ബെയ്‌സുമായി ഒത്ത്‌നോക്കുക തന്നെ വേണം.
ആധാറിന്റെ വലിയോരു സവിശേഷത ഒരു ആധാര്‍ നമ്പരുമായി ബന്ധപ്പെടുത്തി ഒരു ബാങ്ക് അക്കൗണ്ട്തുറക്കാം എന്നതാണ്. ഒരു ബാങ്കില്‍ അക്കൗണ്ട്തുറക്കാനുള്ള സാധാരണ നൂലാമാലകളൊന്നും ഇവിടെ ഇല്ല. അക്കൗണ്ടിലൂടെ ഓരോ വ്യക്തിക്കും സര്‍ക്കാരിന്റെ വിവിധ ധനസഹായങ്ങള്‍ നേരിട്ട് ലഭിക്കും. ഇവിടെ ഒരു വ്യക്തി എന്നത്, ബയോമെട്രിക് വിവരങ്ങളിലൂടെ നിര്‍വചിക്കപ്പെട്ട ഒരേ ഒരു സവിശേഷ വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇവിടെ ആള്‍മാറാട്ടം സാധ്യമല്ല. ബാങ്കുകളിലെ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം (micro-ATM) പ്രയോജനപ്പെടുത്തി ഓരോ വ്യക്തിക്കും തനിക്കു അവകാശപ്പെട്ട പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, അല്ലെങ്കില്‍ സബ്‌സിഡി എന്നിവ പണമായി പിന്‍വലിക്കാവുന്നതാണ്
സബ്‌സിഡികള്‍ ലഭിക്കാന്‍ മാത്രമല്ല, വിവിധ തിരിച്ചറിയല്‍ ആവശ്യങ്ങല്ക്കായും ആധാര്‍ ഉപയോഗിക്കാം. അതുപോലെ തന്നെ വസ്തുവകകള്‍ കൈമാറ്ററാനും നികുതി അടക്കാനും വോട്ടു ചെയ്യുന്നതിനുള്ള തിരിച്ചറിയലിനുമായും ഭാവിയില്‍ ആധാര്‍ ഉപയോഗത്തില്‍ വരും.
സാമ്പത്തീക കാര്യങ്ങളില്‍ അധികം തിരിച്ചറിയല്‍ രേഖകള്‍ വരുന്നത് പലര്‍ക്കും അത്ര അഭിലഷണീയം ആയിരിക്കില്ല. അതുകൊണ്ട് തന്നെ എതിര്‍പ്പുകള്‍ സാധാരണം ആയിരിക്കും. ഒരു പൗരന്റെ എല്ലാ രേഖയും (ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ്ങ് ലൈസന്‍സ് , മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ) ആധാറിന്റെ അടിസ്ഥാനത്തില്‍ ആക്കണം. ഒളിക്കാന്‍ ഒന്നും ഇല്ലാതാവുന്നതിനെ എന്തിനു ഭയപ്പെടണം? വേണ്ട വിധം ഉപയോഗിച്ചാല്‍ അഴിമതിയും ചുവപ്പ് നാടയും കുറയ്ക്കുന്ന ഒരു മൂക്കുകയറായി മാറാനും ആധാറിനു കഴിയും.
ആധാര്‍ നിര്‍ബന്ധമാക്കരുത് എന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആധാറിനു നിയമ പിന്തുണ നല്കാനുള്ള സര്‍ക്കാര്‍ ശ്രമം നല്ലതാണ്. വിവരങ്ങളുടെ സ്വകാര്യതയെകുറിച്ച് വ്യക്തമായ നിയമങ്ങള്‍ ഉണ്ടാക്കപെടുന്നതും വേണ്ടതാണ്. ആധാറിന്റെ ഒരു ബലഹീനത ഒരു വ്യക്തിയുടെ വിലാസം കൃത്യമായി തെളിയിക്കാന്‍ പറ്റില്ല എന്നതാണ്. ഏകീകൃത ഡേറ്റ ബെയ്‌സ് നിലവില വരുകയും ഒരു വ്യക്തിയെ സവിശേഷമായി തിരിച്ചറിയാന്‍ പറ്റുകയും ചെയ്യുമ്പോള്‍ വിലാസത്തിലെ പ്രശ്‌നം അത്ര ഗുരുതരമല്ല. ബ്രുഹുത്തായ ഒരു പദ്ധതി നടപ്പാക്കപെടുമ്പോള്‍ ചെറിയ പാകപ്പിഴകള്‍ ഉണ്ടാകാം. ഇത് പരിഹരിക്കാന്‍ കഴിയുന്നതാണ് . രോഗമുള്ളതിനാല്‍ രോഗിയെ കൊല്ലേണ്ട കാര്യമില്ലല്ലോ.
courtesy-mathrubhumi news
No comments:
Post a Comment