Tuesday, 1 October 2013

ചരിത്രത്തിന്റെ 'വായന'കള്‍ (എം.എന്‍. കാരശ്ശേരി)


ചരിത്രത്തിന്റെ 'വായന'കള്‍ (എം.എന്‍. കാരശ്ശേരി)

ഇന്നു വായനയുടെ ദിവസം. പുസ്തകത്തെപ്പറ്റിയോ ഗ്രന്ഥാലയത്തെപ്പറ്റിയോ ഒാര്‍ക്കുന്നതിനിടയ്ക്കെല്ലാം എന്റെ മനസ്സിലേക്ക് അലക്സാണ്ട്രിയയിലെ ചരിത്രപ്രസിദ്ധമായ ഗ്രന്ഥശേഖരം തീകത്തിച്ച സംഭവം കടന്നുവരും.
അലക്സാണ്ട്രിയ ഉത്തര ഇൌജിപ്തിലെ പ്രധാന തുറമുഖനഗരമായിരുന്നു. മാസിഡോണിയയിലെ അലക്സാണ്ടര്‍ ചക്രവര്‍ത്തി (മരണം: ക്രി.മു. 322) സ്ഥാപിച്ച നഗരം സംസ്കാരകേദാരമായി അന്നേ കേളിപ്പെട്ടു. പുരാതനലോകത്തെ ഏറ്റവും വിപുലമായ ഗ്രന്ഥാലയം അവിടെയായിരുന്നു.
ഞാന്‍ വായിച്ചത് അങ്ങനെയാണ്: അറേബ്യന്‍ സാമ്രാജ്യത്തിന്റെ വിപുലീകരണത്തില്‍ നഗരം കീഴടക്കിയ രണ്ടാം ഖലീഫ ഉമര്‍ (ഭരണകാലം: ക്രി.വ. 634-644) ആ ഗ്രന്ഥാലയത്തിനു തീകൊടുക്കാന്‍ ഉത്തരവിട്ടു. അദ്ദേഹം പറഞ്ഞുവത്രേ: ''നമ്മുടെ കൈവശം അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആന്‍ ഉണ്ട്. പിന്നെ വേറെ പുസ്തകമെന്തിനാണ്? ആ ഗ്രന്ഥത്തോടു യോജിക്കുന്നുവെങ്കില്‍ ഇവയുടെ ആവശ്യമില്ല. യോജിക്കുന്നില്ലെങ്കിലോ, തീരെ ആവശ്യമില്ല.
ചരിത്രപ്രസിദ്ധമായ ആ ഗംഭീരനഗരത്തിലെ വിശാലവീഥികളുടെ സമീപം നിലകൊണ്ട നൂറുകണക്കായ പൊതു കുളിമുറികളില്‍ വെള്ളം ചൂടാക്കാന്‍വേണ്ടി ആറു മാസത്തോളം അടുപ്പില്‍ എരിഞ്ഞതു മഹാഗ്രന്ഥങ്ങളായിരുന്നുപോല്‍.
കേട്ട കാലത്തുതന്നെ ഇൌ കഥ എന്നെ ആഴത്തില്‍ മുറിപ്പെടുത്തി: നീതിനിഷ്ഠയ്ക്കു പേരുകേട്ട ഉമര്‍ ഖത്താബിനെപ്പോലൊരാള്‍ ഇങ്ങനെ പെരുമാറുമോ?പിന്നെയും കുറെ കഴിഞ്ഞാണു മറ്റൊരു കഥ കേട്ടത്:
മദീനയില്‍ പ്രവാചകന്റെ പള്ളിയിലെ മിമ്പറില്‍ നിന്നുകൊണ്ട് ഒരു വെള്ളിയാഴ്ച ഉമര്‍ ഖുത്തുബ അവസാനിപ്പിച്ചത് ഇങ്ങനെയാണ്: ''ജാഹിലിയ്യാക്കാലത്തെ സാഹിത്യം മുറുകെപ്പിടിക്കുക, ജാഹിലിയ്യാക്കാലത്തെ സാഹിത്യം മുറുകെപ്പിടിക്കുക, ജാഹിലിയ്യാക്കാലത്തെ സാഹിത്യം മുറുകെപ്പിടിക്കുക.മിമ്പര്‍ എന്നാല്‍ പള്ളിയിലെ പ്രസംഗപീഠം. ഖുത്തുബ എന്നാല്‍ വെള്ളിയാഴ്ചത്തെ പ്രസംഗം. ജാഹിലിയ്യാക്കാലം എന്നാല്‍ ഇസ്ലാമിനു മുമ്പുള്ള 'അജ്ഞാനകാലം. ഖുത്തുബയില്‍ ജാഹിലിയ്യാ സാഹിത്യത്തെ പുകഴ്ത്തുകയോ! അമ്പരന്നുപോയ ഭക്തന്‍മാരില്‍ ഒരാള്‍ എണീറ്റു ചോദിച്ചു: ''ഉമറേ, നീയെന്താണ് ജാഹിലിയ്യാ സാഹിത്യം മുറുകെപ്പിടിക്കുവാന്‍ ഞങ്ങളോടു പറയുന്നത്?ഖലീഫ പറഞ്ഞു: ''എങ്കില്‍ മാത്രമേ നിങ്ങള്‍ക്കു ഖുര്‍ആന്‍ വേണ്ടമാതിരി മനസ്സിലാവുകയുള്ളൂ.ഇതു പറഞ്ഞ സഹൃദയന്‍ മനുഷ്യചരിത്രത്തിനു പരിചയമുള്ളതിലേക്കുവച്ച് ഏറ്റവും വലുത് എന്നറിയപ്പെട്ട ഗ്രന്ഥാലയം കത്തിച്ചുകളയുമോ?അന്വേഷണത്തില്‍ എനിക്കു മനസ്സിലായി: അലക്സാണ്ട്രിയയിലെ ലൈബ്രറിയുടെ പ്രധാനഭാഗങ്ങള്‍ കത്തിച്ചത് എഡി മൂന്നാം നൂറ്റാണ്ടിലാണ്. രാജ്യത്തെ ബാധിച്ച ആഭ്യന്തരകലഹത്തിന്റെ ഭാഗമായിരുന്നു അത്. ഇക്കാര്യം എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക രേഖപ്പെടുത്തിയിട്ടുണ്ട്.ഏഴാം നൂറ്റാണ്ടിലാണ് ഉമര്‍ ഖത്താബ് രാജ്യം ഭരിക്കുന്നത്. ഗ്രന്ഥദഹനത്തിനും ഖലീഫയ്ക്കുമിടയില്‍ നാലു നൂറ്റാണ്ടിന്റെ വിടവുണ്ട്!അറബികളുടെ ചരിത്രമെഴുതിയവരില്‍ പ്രാമാണികനായ ഫിലിപ്പ് കെ. ഹിറ്റി ഹിസ്റ്ററി ഒാഫ് ദി അറബ്സ് (1937) എന്ന പുസ്തകത്തില്‍ ഇൌ ഗ്രന്ഥദഹനകഥയുടെ തമാശ വിസ്തരിച്ചിട്ടുണ്ട്.
അറബികള്‍ അലക്സാണ്ട്രിയ കീഴടക്കുന്നത് എഡി 646ലാണ് - ഉമര്‍ ഖത്താബ് മരിച്ചു രണ്ടുകൊല്ലം കഴിഞ്ഞിട്ട്. അന്ന് അറേബ്യ ഭരിക്കുന്നത് മൂന്നാം ഖലീഫ ഉസ്മാന്‍ ഇബ്നു അഫ്ഫാനാണ്. അംറ് എന്നു പേരായ പടനായകനാണ് നഗരം കീഴടക്കിയത്. അദ്ദേഹം ഗ്രന്ഥാലയം കത്തിച്ചു എന്നു കേട്ടുകേള്‍വി പരന്നു. പിന്നീട്, പേരിലെ സാമ്യത്തിന്റെ കണക്കില്‍, കത്തിച്ചത് ഉമര്‍ ആണെന്നും.ഹിറ്റി എഴുതുകയാണ്: ആ ഗ്രന്ഥാലയത്തിന്റെ വലിയൊരു ഭാഗം കത്തിച്ചത് റോമാ ചക്രവര്‍ത്തി ജൂലിയസ് സീസറാണ് (ക്രി.മു. 48). പടനീക്കങ്ങളുടെ ഭാഗമായി എഡി 389ല്‍ മറ്റൊരു ഭാഗവും അഗ്നിക്കിരയായി. അറബികളെത്തുന്ന കാലത്തു ചുട്ടുപൊടിക്കാന്‍ ഗ്രന്ഥാലയമൊന്നും നഗരത്തില്‍ ബാക്കിയുണ്ടായിരുന്നില്ല! ഇൌ കഥയെ ആ ചരിത്രകാരന്‍ വിളിച്ചത് 'ചീത്ത ചരിത്രം നിര്‍മിക്കാനുള്ള നല്ല ഭാവന എന്നാണ്!ഇൌ പഴങ്കഥയ്ക്ക് ഇപ്പോഴെന്തു പ്രസക്തി?ഒന്നുമില്ല. അലക്സാണ്ട്രിയയിലെ മഹത്തായ ഗ്രന്ഥശേഖരം രണ്ടാം ഖലീഫ ഉമര്‍ ചുട്ടുചാമ്പലാക്കി എന്നു ഞാന്‍ ഇൌയിടെക്കൂടി കേട്ടു. പതിന്നാലു നൂറ്റാണ്ടായി ആ 'വായന നിലനില്‍ക്കുന്നു

No comments:

Post a Comment