Wednesday, 18 September 2013

തമസ്കരിക്കപ്പെട്ട രക്തച്ചൊരിച്ചിലിന്റെ ഓര്‍മ്മയില്‍ ഹൈദരാബാദ്- on sept 17 1948














മാനവചരിത്രം കണ്ട ഏറ്റവും രക്തരൂക്ഷിതമായ വംശഹത്യകളിലൊന്നിനാണ് 1948 സെപ്തംബര്‍ 17 ന് ഹൈദരാബാദ് വേദിയായത്. ചരിത്രം ബോധപൂര്‍വ്വം മറന്ന ആ രക്തച്ചൊരിച്ചിലിനെ കുറിച്ച്....


ഹൈദരാബാദ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് തെലുങ്കാനാ സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ മുഖ്യ ധാരാ മാധ്യമങ്ങള്‍ കാണാതെ പോയ മറ്റൊരു ദിനം ഹൈദരാബാദുമായി ബന്ധപ്പെട്ട് കഴിഞ്ഞു പോയി. ഇന്ത്യാ ചരിത്രം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയുടെ ഓര്‍മ്മ ദിനമായിരുന്നു അത്. 1948 സെപ്റ്റംബര്‍ 17 ന് നടന്ന ആ കൂട്ടക്കൊല ഇന്ത്യയുടെ സ്വാതന്ത്ര്യാഘോഷത്തിന്റെ പൊലിമയില്‍ മുങ്ങിപ്പോവുകയായിരുന്നു. ഇന്ത്യയിലുണ്ടായിരുന്ന എറ്റവും വലിയ പ്രിന്‍സ്‍ലി സറ്റേറ്റ് ആയ ഹൈദരാബാദ് ബ്രിട്ടീഷ് ഭരണത്തിലായിരുന്നില്ല. നിസാം ഏഴാമനായ മീര്‍ ഉസ്മാന്‍ അലി ഖാന്‍ ആയിരുന്നു ഭരിച്ചിരുന്നത്. സ്വന്തമായി കറന്‍സിയും റെയില്‍വെയും പോസ്റ്റലും ജുഡീഷ്യറിയും മിലിട്ടറിയും ഒക്കെ ഉള്ള ഒരു സ്വതന്ത്ര സ്റ്റേറ്റ് ആയിരുന്നു ഹൈദരാബാദ്. ഇതര പ്രിന്‍സ്‍ലി സ്റ്റേറ്റുകള്‍ ബലപ്രയോഗത്തിലൂടെ ഇന്ത്യന്‍ യൂണിയനിലേക്ക് ലയിപ്പിക്കപ്പെട്ടപ്പോള്‍ ഹൈദരാബാദ് മാത്രം വഴങ്ങിയില്ല.  ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചിതരായ തെക്കും വടക്കുമുള്ള സംസ്ഥാനങ്ങള്‍ക്ക് നടുവിലായിരുന്നത് കൊണ്ട് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയല്ലാതെ ഹൈദരാബാദിനു നിവൃത്തി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ യൂണിയന്റെ ലയിക്കാനുള്ള നിര്‍ദ്ദേശം സ്വതന്ത്ര സ്റ്റേറ്റ് എന്ന നിലയില്‍ നൈസാം തള്ളുകയായിരുന്നു. തുടര്‍ന്ന് ബ്രിട്ടണ്‍ 3 നിര്‍ദ്ദേശങ്ങള്‍ അവര്‍ക്കു മുന്നില്‍ വെച്ചു. ഒന്നുകില്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുക, സ്വതന്ത്ര്യ സ്റ്റേറ്റ് ആയി തുടരുക, അല്ലെങ്കില്‍ പുതുതായി രൂപീകരിക്കപ്പെട്ട പാക്കിസ്ഥാനിലേക്ക് ലയിക്കുക എന്നതായിരുന്നു അവ. ആലോചിക്കാന്‍ അല്‍പം സമയമാവശ്യപ്പെട്ട നൈസാമിനെതിരെ ബലം പ്രയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇന്ത്യന്‍ യൂണിയന്‍. തുടര്‍ന്ന് പോലീസ് ആക്ഷന്‍ എന്ന പേരില്‍ ഹൈദരാബാദില്‍ മാനവ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല അരങ്ങേറുകയായിരുന്നു.പോലീസ് ആക്ഷന്‍ എന്ന് നിസ്സാരവല്‍ക്കരിക്കപ്പെട്ട ആ സംഭവം ഓപ്പറേഷന്‍ പോളോ എന്നാണ് അറിയപ്പെടുന്നത്.


നിരന്തര സമ്മര്‍ദ്ദം കാരണം ആ കൂട്ടക്കൊല അന്വേഷിക്കാന്‍ കമ്മീഷന്‍ നിയോഗിക്കപ്പെട്ടു. പ്രൊഫസര്‍ കൂടിയായ സുന്ദര്‍രാജ് ആണ് കമ്മീഷനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടത്. ഹൈദരാബാദിലെ ഭൂരിപക്ഷ സമുദായമായിരുന്ന മുസ്‍ലിംകളില്‍ നിന്ന് ഒരു ലക്ഷം പേര്‍ ക്രൂരമായി വധിക്കപ്പെട്ടു എന്നായിരുന്നു സുന്ദര്‍രാജ് കമ്മീഷന്‍ കണ്ടു പിടിച്ചത്. എന്നാല്‍ ചില അനൌദ്യോഗിക കണക്കുകള്‍ പ്രകാരം 2 ലക്ഷത്തിനു മേലെ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ പതിനായിരക്കണക്കിന് സ്ത്രീകള്‍ കൂട്ട ബലാല്‍സംഗത്തിനിരയായി..  1950 ല്‍ പ്രശസ്തമായ മിഡില്‍ ഈസ്റ്റേണ്‍ ജേര്‍ണലില്‍ സിവില്‍ റൈറ്റ് ആക്ടിവിസ്റ്റായിരുന്ന ഏ.ജീ നൂറാനി എഴുതുന്ന ലേഖനത്തില്‍ ഇതു വിശദമാക്കിയിട്ടുണ്ട്. യു.സി.എല്‍.എ പ്രൊഫസര്‍ പെറി ആന്‍ഡേഴ്സണ്‍ എഴുതുന്നത് ഇപ്രകാരം, ഹൈദരാബാദിലേക്ക് കടന്നു വന്ന മിലിട്ടറിക്ക് തീവ്ര വലതുപക്ഷ സംഘടനകളുടെ സഹായം വേണ്ടുവോളം ലഭിച്ചു. ഔദ്യോഗിക കണക്കില്‍ നിന്നും ഇരട്ടി മുസ്‍ലിംകള്‍ കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് നെഹ്റു അന്വേഷണ കമ്മീഷനെ നിയമിക്കുന്നത് മൌലാനാ ആസാദിന്റെ സമ്മര്‍ദ്ദം കൊണ്ടായിരുന്നു. ഏതാനും ആഴ്ചകള്‍ കൊണ്ട് ലക്ഷങ്ങള്‍ കൊല്ലപ്പെട്ട സംഭവം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല ആയിരുന്നു.


ദേശതാല്‍പര്യത്തിന് ഭംഗം വരുത്തുമെന്ന് പറഞ്ഞു കൊണ്ട് സര്‍ദാര്‍ പട്ടേലിന്റെ നിര്‍ബന്ധ പ്രകാരം നെഹ്റു റിപ്പോര്‍ട്ട് മൂടി വെക്കുകയായിരുന്നു.hyderabad after the fall എന്ന ഗ്രന്ഥത്തില്‍ ഉമര്‍ ഖാലിദി മൂടി വെക്കപ്പെട്ട റിപ്പോര്‍ട്ടില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ പങ്കു വെക്കുന്നുണ്ട്. 60 വര്‍ഷത്തോളം ഈ റിപ്പോര്‍ട്ട് ഒഫീഷ്യല്‍ സീക്രട്ട് ആയിരുന്നു. എന്നാല്‍ അമേരിക്കയില്‍ വെച്ച് ചോരുകയായിരുന്നു എന്ന് വില്യം ഡാര്‍ലിമ്പിള്‍ പറയുന്നു. അദ്ദേഹത്തിന്റെ the age of kali എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ട്. ‘On the Post-Operation Polo Massacres, Rape and Destruction or Seizure of Property in Hyderabad State, എന്നു പേരിട്ട റിപ്പോര്‍ട്ട് കരളലിയിക്കുന്ന സംഭവങ്ങളാണ് ഉള്‍ക്കൊള്ളുന്നത്.


 തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെ പിന്തുണയോടെ ഇന്ത്യന്‍ പട്ടാളം നടത്തിയ നരനായാട്ടില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ കൂട്ട ബലാല്‍സംഘം ചെയ്യപ്പെട്ടു. രാത്രി ഉറങ്ങുന്ന നേരത്ത് ഗ്രാമങ്ങളിലെ വീടുകളില്‍ കയറി നടത്തിയ അരുംകൊലക്കും കൂട്ട ബലാല്‍സംഘത്തിനും മാനവ ചരിത്രത്തില്‍ തുല്ല്യത കണ്ടെത്താനാവില്ല. ഉസ്മാനാബാദിലെ ഗന്ദോജി പായ്ഗയില്‍ നടന്ന സംഭവത്തെക്കുറിച്ച് അവശേഷിച്ച ഗ്രാമീണരില്‍ ഒരാളായ പാഷാ ബീ പറയുന്നത് ഇപ്രകാരം ,ഗുണ്ടകളോടൊപ്പം കടന്നു വന്ന പട്ടാളം മുസ്‍ലിം ചെറുപ്പക്കാരെ നിരത്തി നിര്‍ത്തി കൊല്ലുകയായിരുന്നു.തുടര്‍ന്ന് കൂട്ട ബലാല്‍സംഘം തന്നെ അരങ്ങേറി.ഉസ്മാന്‍ സാഹിബിന്റെ 5 പെണ്‍മക്കള്‍ അവിടെ വെച്ച് മാറി മാറി ബലാല്‍സംഘം ചെയ്യപ്പെട്ടു. ഖാസി സാഹിബിന്റെ പെണ്‍മക്കള്‍ പട്ടാള ട്രൂപ്പിലുള്ളവര്‍ക്ക് ഇഷ്ടാനുസൃതം തിരഞ്ഞെടുക്കാന്‍ പാകത്തില്‍ കാഴ്ച വെക്കപ്പെട്ടു. ചില ട്രൂപ്പുകള്‍ ഗ്രാമത്തില്‍ തമ്പടിക്കുകയും രാത്രി തോറും വീടുകളില്‍ കടന്നു കയറി നേരത്തെ കണ്ടു വെച്ച പെണ്‍കുട്ടികളെ കൊണ്ടു പോയി ബലാല്‍ക്കാരം ചെയ്യുകയും ചെയ്യുമായുരുന്നു. 

’ 

വില്ല്യം ഡാര്‍ലിമ്പിള്‍ ഇന്ത്യയിലും ശ്രീലങ്കയിലും പാക്കിസ്ഥാനിലും നടത്തിയ യാത്രയുടെ അനുഭവങ്ങള്‍ വിവരിക്കുന്ന ഈ ഗ്രന്ഥം അമേരിക്കയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. എന്നാലിന്നും ബി.ജെ.പി ,കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സെപ്തംബര്‍ 17 ഹൈദരാബാദിന് സ്വാതന്ത്യം കിട്ടിയ ദിനം ആയാണ് ആഘോഷിക്കുന്നത്. ഹൈദരാബാദ് രൂപീകരണ ചരിത്രത്തിലെ ഈ കറുത്ത അധ്യായം ഇന്ത്യയില്‍ ഏറ്റവും വിജയകരമായി മൂടി വെക്കപ്പെട്ട വാര്‍ത്തയായിരുന്നു. സാധാരണ ഹത്യയെക്കാളും ഒട്ടേറെ ആഴവും ക്രൂരതയും അവകാശപ്പെടാനുള്ള ഈ ഹത്യ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തിയ വാര്‍ത്താ തമസ്കരണം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. സര്‍ദാര്‍ വല്ലഭായി പട്ടേലിന് സംഭവത്തില്‍ പങ്കുണ്ടെന്ന് പല ഗവേഷകരും അഭിപ്രായപ്പെടുന്നുണ്ട്. ഈ സംഭവം റിപ്പോര്‍ട്ട് സഹിതം പുറത്തു വരുന്നത് ദേശീയ പ്രസ്ഥാനത്തിലെ പല പ്രമുഖരെയും പ്രതിപ്പട്ടികയില്‍ കയറ്റുമെന്നും പറയപ്പെടുന്നു. ഇത്രയും വലിയ വംശഹത്യയുടെ ഇരകള്‍ക്ക് ഇന്നു വരെ സ്വതന്ത്ര ഭാരതത്തില്‍ നീതി കിട്ടിയിട്ടില്ല എന്നതാണ് ഇതിന്റെ ബാക്കി പത്രം.


bibilography and acknowledment: media one.

No comments:

Post a Comment